Thursday, December 25, 2014

E Tds Return തയ്യാറാക്കുന്ന വിധം in RPU 4.2

E Tds Return തയ്യാറാക്കുന്ന വിധം in RPU 4.2ഓരോ DDO യും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും അടക്കേണ്ടാതായ ഒരു വര്‍ഷത്തെ നികുതി കണക്കാക്കി അവശേഷിക്കുന്ന മാസങ്ങള്‍ കൊണ്ട് ഹരിച്ചു നികുതിവിഹിതം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്ക്കാന്‍ ബാധ്യസ്ഥനാണെന്ന് നമുക്കറിയാം.  ഇങ്ങനെ കുറയ്ക്കുന്ന നികുതിയുടെ കണക്ക് 3 മാസം കൂടുമ്പോള്‍ E TDS Statement ആയി ഫയല്‍ ചെയ്യണമെന്നും നമുക്കറിയാം.

ഗവണ്മെണ്ട് സ്ഥാപനങ്ങള്‍ ഓരോവര്‍ഷത്തെയും ഏപ്രിൽ , മെയ്‌, ജൂണ്‍ മാസങ്ങളില്‍ (അതായത് ഒന്നാം ക്വാര്‍ട്ടറിലെ ) കുറച്ച കണക്ക് ജൂലൈ 31 നു മുമ്പ് ഫയല്‍ ചെയ്യണം.  ഇങ്ങനെ രണ്ടാം  ക്വാര്‍ട്ടറിലെ (ജൂലൈ, ആഗസ്റ്റ്‌ , സെപ്റ്റംബർ ) കണക്കു ഒക്ടോബര്‍ 31 നു മുമ്പായും മൂന്നാം ക്വാര്‍ട്ടറിലെ (ഒക്ടോബർ, നവംബർ, ഡിസംബർ ) കണക്കു ജനുവരി 31 നു മുമ്പായും, നാലാം ക്വാര്‍ട്ടറിലെ (ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌) കണക്ക് മെയ്‌ 15 ന് മുമ്പായും സമര്‍പ്പിക്കണം.   ഇതാണ് ത്രൈമാസ ഇ ടി. ഡി.എസ്  റിട്ടേണ്‍ സമര്‍പ്പിക്കല്‍

    CBDT , National Securities Depository Limited (NSDL) നെ  ആണ് E  TDS Return  സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയത്.   National Securities Depository Limited (NSDL) വിവിധ സ്ഥലങ്ങളില്‍ Return  സ്വീകരിക്കാന്‍ Tin Felicitation Centers നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  നാം തയ്യാറാക്കുന്ന  E  TDS Return അപ്‌ലോഡ്‌ ചെയ്യുന്നതിനായി ഇവിടെയാണ് നാം സമര്‍പ്പിക്കുന്നത്.  എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങളും E  TDS Return പ്രത്യേക സോഫ്റ്റ്‌വെയറില്‍ തയ്യാറാക്കി അപ്‌ലോഡ്‌ ചെയ്യേണ്ടതുണ്ട്.   ഇത് നമുക്കു തന്നെ തയ്യാറാക്കി TIN Fecilitation Center ല്‍അപ്‌ലോഡ്‌ ചെയ്യാന്‍ ഏല്‍പ്പിക്കാവുന്നതാണ്. 100 പാര്‍ട്ടി റെക്കോര്‍ഡുകള്‍ക്ക് 39.50 രൂപയാണ് അപ്‌ലോഡ്‌ ചെയ്യാനുള്ള ഫീസ്‌. 

Saturday, December 6, 2014

ഉണ്ണിയുടെ ടൂര്‍ ഡയറി ഭാഗം 2

കേരളത്തിന്റെ കാശ്മീര്‍ എന്ന് അറിയപ്പെടുന്ന മൂന്നാറിലെ ഇരവിക്കുളം നാഷണല്‍ പാര്‍ക്കിലൂടെ നടന്നു പോകുമ്പോ​ഴാണ് പശ്ചിമഘട്ടത്തിലെ മലനിരകളും കണ്ണെത്താദൂരം പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളും തണുത്ത കാറ്റും ആസ്വാദിക്കാനും വംശനാശഭീഷണി നേരിടുന്ന വരയാടിനെയും,നീലകുറിഞ്ഞി ചെടികളെ കാണാനും സാധിച്ചത്.അതിനെ കുറിച്ച് കഴിഞ്ഞ ഭാഗത്തില്‍ പറഞ്ഞിരുന്നല്ലോ..വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കാട്ട് തുമ്പ പോലുള്ള അനേക സസ്യങ്ങളെയും അവിടെ കാണാന്‍ സാധിച്ചു. അവയെ ക്യാമറായില്‍ പകര്‍ത്തുമ്പോഴാണ് ഞാന്‍ സണ്‍ ഡ്യൂ ചെടി എന്ന ബോര്‍ഡ് കണ്ടത്.
 കൗതുകത്തോടെ ആ ചെടിയുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തി. പിന്നീട് അന്വേഷിച്ചപ്പോഴാണ് ആ ചെടി ചില്ലറക്കാരനല്ല.ഇരപിടിയനാണ് എന്ന് മനസ്സിലായത്. ഇവനെന്തിനാ "നോണ്‍വെജ് "ആയതെന്ന് മനസ്സിലായില്ല. തലപുകച്ചിട്ടും  ഉത്തരം കിട്ടിയില്ല. വീട്ടിലെത്തി ഇന്റര്‍നെട്ടില്‍ സര്‍ച്ച് ചെയ്തപ്പോഴാണ് ആ ചെടിയെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചത്...

ഡ്രോസെറേസി സസ്യകുടുംബത്തിൽപ്പെടുന്ന കീടഭോജി സസ്യമാണ്  സണ്‍ഡ്യൂ അഥവാ ഡ്രോസെറ. ഡ്രോസെറോസ് എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് ഈ സസ്യനാമം ലഭിച്ചത്.
ഡ്രോസെറയുടെ ഇലയില്‍ ഗ്രന്ഥികളായി രൂപാന്തരപ്പെട്ടിരിക്കുന്ന രോമങ്ങളാണ് കീടങ്ങളെ കെണിയില്‍ പ്പെടുത്താന്‍ സഹായിക്കുന്ന ഒരു ദ്രാവകം സ്രവിപ്പിക്കുന്നത്. ഈ സ്രവത്തില്‍ സൂര്യപ്രകാശമേല്ക്കുമ്പോള്‍ ഇത് തൂഷാരബിന്ദുക്കളെപ്പോലെ വെട്ടിത്തിളങ്ങുന്നു. അതിനാല്‍ സൂര്യ തുഷാരം (സണ്‍ ഡ്യൂ) എന്നറിയപ്പെടുന്നു.
പത്രതലത്തിലെ അഗ്രം ഉരുണ്ടു തടിച്ച സ്പര്‍ശകങ്ങള്‍ പശപോലെയള്ള ദ്രാവകം സ്രവിപ്പിക്കുന്നു. സ്പര്‍ശകങ്ങളുടെ അഗ്രത്തില്‍ മഞ്ഞുതുള്ളി പോലെ കാണുന്ന ഈ സ്രവത്തെ തേന്‍ തുള്ളിയാണെന്ന് തെറ്റിദ്ധരിച്ച് പറന്നെത്തുന്ന പ്രാണികള്‍ അതില്‍ ഒട്ടിപ്പിടിക്കുന്നു. സൂക്ഷ്മഗ്രാഹകങ്ങളായ സ്പര്‍ശകങ്ങള്‍ വളരെ വേഗത്തില്‍ അകത്തേക്കു വളയുന്നതിനാല്‍ പ്രാണി പത്രതലത്തിലെത്തുന്നു. സ്പർശകങ്ങളുടെ ഇത്തരത്തിലുള്ള വളയല്‍ അതിനടുത്തുള്ള മറ്റു സ്പര്‍ശകങ്ങളെക്കൂടി വളയാന്‍ പ്രേരിപ്പിക്കുന്നു. അതിനാല്‍ മറ്റു സ്പര്‍ശകങ്ങളുടെ അഗ്രഭാഗവും പ്രാണിയെ പൊതിയുന്നു. വളരെയധികം സ്പർശകങ്ങളുടെ അഗ്രങ്ങള്‍ ഇത്തരത്തില്‍ ഇരയെ പൊതിഞ്ഞു ബന്ധിക്കുന്നു. ചിലയവസരങ്ങളിൽ ഇല തന്നെ വളഞ്ഞ് ഒരു കപ്പിന്റെ ആകൃതിയിലായിത്തീരാറുണ്ട്. ഇരയെ പൊതിയുന്ന സ്പർശകങ്ങളുടെ അഗ്രഭാഗത്തുനിന്നും സ്രവിക്കുന്ന ദ്രാവകത്തിലെ പെപ്സിന്‍, ഹൈഡ്രോക്ലോറിക് ആസിഡ് ഇരയുടെ ശരീരത്തിലുള്ള നൈട്രോജിനസ് സംയുക്തങ്ങളെ മുഴുവന്‍ ലായനി രൂപത്തിലാക്കുന്നു. ഈ ലായനിയെ ഇലയിലുള്ള കലകള്‍ ആഗിരണം ചെയ്യുന്നു. ലായനി വലിച്ചെടുത്തു കഴിയുമ്പോള്‍ സ്പര്‍ശകങ്ങളുടെ വീണ്ടും പൂര്‍വ്വസ്ഥിതിയിലെത്തുകയും പശയുള്ള ദ്രാവകം സ്രവിക്കുകയും ചെയ്യുന്നു. കാറ്റു വീശുന്നതോടെ ദഹിക്കാതെ അവശേഷിക്കുന്ന പ്രാണിയുടെ ഭാഗങ്ങള്‍ ഇലയില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നു.
പ്രാണികളുടെ ശരീരത്തില്‍നിന്നത്രെ അവയ്ക്ക് നൈട്രജന്‍ പ്രാപ്തമാകുന്നത്.പ്രാണികളെ ഭക്ഷിക്കാതെയും ഡ്രോസെറ സസ്യത്തിന് ജീവിക്കാനാകും എന്നതാണ് ഇവയുടെ മറ്റൊരു സവിശേഷത.പലരോഗങ്ങള്‍ക്കും ഒൗഷധമായി ഈ ചെടിയെ ഉപയോഗിക്കാവുന്നത്കൊണ്ട് ഇനിനെ കൃഷിചെയ്യാരുണ്ടത്രെ..

Friday, December 5, 2014

ഉണ്ണിയുടെ ടൂര്‍ ഡയറി

29-11-2014നാണ് മലമ്പുഴ, മൂന്നാര്‍,ആതിരപ്പള്ളി , കൊച്ചി എന്നീ വിടങ്ങള്‍ കാണാന്‍ പഠനയാത്ര ആരംഭിച്ചത്.ഞാന്‍ കണ്ട സ്ഥലങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് മൂന്നാര്‍.മൂന്നാറില്‍നിന്ന് ഇരവിക്കുളം നാഷണല്‍ പാര്‍ക്കിലേക്ക് വനം വകുപ്പിന്റെ വണ്ടി കയറി പുറപ്പെട്ടു. ബസ്സ് ഇറങ്ങി രണ്ട് അടി നടന്നപ്പോഴാണ് വരയാടിനെ കണ്ടത്. വരയാടിനെ കുറിച്ചുള്ള വിവരണം ഈ ബ്ലോഗില്‍ കഴിഞ്ഞ പോസ്റ്റില്‍ പ്രസിദ്ധീകരിച്ചിരുന്നല്ലോ.പിന്നീട് എന്നെ ആകര്‍ഷിച്ചത് ഈ ചെടികളാണ്. ഇവ എന്താണെന്ന് അറിയാമോ ? ഈ ചെടികളാണ് നീലക്കുറിഞ്ഞി..12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി..നീലക്കുറിഞ്ഞിയെ പറ്റി കൂടുതല്‍ അറിയണ്ടേ?
പശ്ചിമഘട്ടത്തിലെ മലകളില്‍ 1500 മീറ്ററിനു മുകളില്‍ ചോലവനങ്ങള്‍ ഇടകലര്‍ന്ന പുല്‍മേടുകളില്‍ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി(Strobilanthes kunthiana).2006 കാലയളവിലാണ് ഇവ അവസാനമായി പുഷ്പിച്ചത്.നീലഗിരി കുന്നുകള്‍, പളനി മലകള്‍, ‍മൂന്നാറിനു ചുറ്റുവട്ടത്തുള്ള ഹൈറേഞ്ച്മലകൾ എന്നിവിടുങ്ങളിലാണ് കുറിഞ്ഞിച്ചെടികൾ കാണപ്പെടുന്നത്‌. മൂന്നാറിര്‍ ഇരവികുളം ദേശീയോദ്യാനത്തിൽ ഏക്കറുകളോളം പരന്നു കിടക്കുന്ന നീലക്കുറിഞ്ഞി ചെടികള്‍ കാണാം. സമീപത്തുള്ള കടവരി, കാന്തല്ലൂര്‍, കമ്പക്കല്ല് എന്നിവിടങ്ങളിലും നീലക്കുറിഞ്ഞി ധാരാളമുണ്ട്‌. തമിഴ്‌നാട്ടില്‍ കൊടൈക്കനാലും പരിസര പ്രദേശങ്ങളുമാണ് കുറിഞ്ഞിയുടെ കേന്ദ്രം. ഊട്ടിയില്‍ മുക്കൂര്‍ത്തി ദേശീയോദ്യാനത്തിലെ മുക്കൂര്‍ത്തി മലയിലാണ് കുറിഞ്ഞി കാണപ്പെടുന്നത്‌.12 വര്‍ഷത്തിലൊരിക്കല്‍ നീലക്കുറിഞ്ഞി ഒരുമിച്ചു പൂക്കുന്നത്‌ 1838-ലാണ് കണ്ടുപിടിച്ചത്‌.
 എന്റെ കൂട്ടുക്കാരും അധ്യാപകരും ഇരവിക്കുളം നാഷണല്‍ പാര്‍ക്കില്‍
മൂന്നു ജര്‍മന്‍ ശാസ്ത്രജ്ഞർ അടങ്ങിയ ഒരു സംഘം ദശകങ്ങള്‍ക്കുമുമ്പ്‌ കുറിഞ്ഞിയെപ്പറ്റി ഗൗരവമായ പഠനങ്ങൾ നടത്തിയിരുന്നു. പലതവണ മാറ്റിയ ശേഷമാണ് ശാസ്ത്രനാമം സ്ട്രോബിലാന്തസ് കുന്തിയാന (Strobilanthes kunthiana) എന്നു നിശ്ചയിച്ചത്‌. ജർമൻ സംഘാംഗമായിരുന്ന കുന്തിന്റെ(Kunth) പേരില്‍ നിന്നാണ് കുന്തിയാന എന്ന പേരു വന്നത്‌.മൂന്നാറിലെ നീലക്കുറിഞ്ഞിയും സമീപ പ്രദേശമായ കാന്തല്ലുരിലെ നീലക്കുറിഞ്ഞിയും തമ്മിൽ വ്യത്യാസമുണ്ട്‌. മൂന്നാറിലേതിനേക്കാള്‍ ഉയരം കൂടിയ ചെടികളാണ്‌ കാന്തല്ലൂരില്‍ കാണുന്നത്‌. കാലാവസ്ഥയിലെ വ്യത്യാസമാണ്‌ ഇതിന്‌ കാരണം.കേരള വനം വകുപ്പ്‌ കുറിഞ്ഞിച്ചെടികളെ സംരക്ഷിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. കുറിഞ്ഞിപ്പൂക്കൾ കൂട്ടമായി നിൽക്കുന്നത്‌ കണ്ട്‌ ആവേശം തോന്നുന്നവർ ചെടി പറിച്ചുകൊണ്ട്‌ പോയ പല സംഭവവും 1994-ലെ സീസണിൽ ഉണ്ടായിരുന്നു. 2006ല്‍, കുറിഞ്ഞി ചെടി പറിക്കുന്നത്‌ ശിക്ഷാര്‍ഹമാക്കി.
ഇനിയും പറയാനുണ്ട്.തത്കാലം നിര്‍ത്തട്ടെ.

Thursday, December 4, 2014

പക്ഷീപ്പനി അഥവാ ഏവിയന്‍ ഫ്ലൂ


പക്ഷിപ്പനി വന്നത്കൊണ്ട് കോഴി ഇറച്ചിക്ക് വില കുറഞ്ഞു.കിലോ 105 ആയിരുന്നത് 75 രൂപയായി.ഇനി സുഖമായി കോഴികറി തിന്നാം.
ഇപ്പോള്‍ കോഴി ഇറച്ചി തിന്നാന്‍ മനുഷ്യര്‍ക്കും രോഗം പിടിപ്പെടും എന്നാണല്ലോ മാഷ് പറഞ്ഞത്..
പോയിട്ട് പണി ഉണ്ടോന്ന് നോക്കുടാ.. ഞങ്ങളെ വീട്ടില്‍ ഇന്നലെയും കോഴിക്കറി.എനിക്ക് എന്തും പറ്റിയില്ലല്ലോ ..  
കുട്ടികള്‍ തമ്മില്‍ സംസാരിക്കുന്നത് കേട്ട് മനസ്സില്‍ ചിരിച്ചു. ക്സാസില്‍ കുട്ടികള്‍ക്ക് ഈ രോഗത്തെ കുരിച്ച് വ്യക്തത വരുത്തണം എന്ന് തോന്നി.....
എന്താണ് പക്ഷീപ്പനി അഥവാ ഏവിയന്‍ ഫ്ലൂ

പക്ഷികളില്‍ വൈറസ് ബാധ മൂലമുണ്ടാകുന്ന സാംക്രമികരോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഫ്ലൂ. കാട്ടുപക്ഷികളില്‍ നിന്നാണ് ഈ രോഗം വളര്‍ത്തുപക്ഷികള്‍ക്ക് പകരുന്നത്.വളര്‍ത്തുപക്ഷികളില്‍ രണ്ടുതരത്തിലുള്ള രോഗബാധയാണുണ്ടാകുന്നത്.കോഴി,താറാവ്,കാട തുടങ്ങിയ വളര്‍ത്തു പക്ഷികളെയും മറ്റുപക്ഷികളെയും പക്ഷിപ്പനി വൈറസ് ബാധിക്കും.
ലക്ഷണങ്ങള്‍
തൂവലുകള്‍ അലങ്കോലപ്പെടുക , മുട്ടകളുടെ എണ്ണം കുറയുക എന്നീ ലക്ഷണങ്ങളോടെ ഉണ്ടാകുന്നതരം പക്ഷിപ്പനി താരതമ്യേന അപകടരഹിതമാണ്.ഇറച്ചിക്കോഴികളെ ബാധിക്കുന്ന രണ്ടാമത്തെ ഇനം പക്ഷിപ്പനി മാരകവും അധിവേഗം പകരുന്നതുമാണ്.ഇത്തരം പനി ബാധിച്ച കോഴികള്‍ 48 മണിക്കൂറിനകം ചാകും.
പക്ഷിപ്പനി മനുഷ്യരില്‍
പക്ഷിപ്പനി വൈറസുകള്‍ താരതമ്യേന രോഗസംക്രമണസാധ്യത കുറഞ്ഞവയാണ്.സാധാരണയായിപക്ഷികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന വൈറസുകള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മനുഷ്യരില്‍ കടന്നു് രോഗമുണ്ടാക്കുന്നു.പക്ഷികളുടെ വിസര്‍ജ്യവസ്തുക്കളില്‍ നിന്നും ശരീരദ്രവങ്ങളില്‍ നിന്നുമാണ് രോഗം പകരുന്നത്.ഈ വൈറസുകളില്‍ ചില ജനിതകവ്യതിയാനങ്ങള്‍ സംഭവിക്കുമ്പോഴാണു് രോഗകാരികളാവുന്നത്.മനുഷ്യരില്‍ കാണുന്ന ഇന്‍ഫ്ലുവന്‍സ വൈറസുമായി ചേര്‍ന്ന് പുതിയ ജനിതകഘടന ആര്‍ജിച്ചും ഇവ ആക്രമണസ്വഭാവമുള്ളതായി മാറാം.മാരകമായ എച്ച്-5 എന്‍-1 വൈറസുകളാണ് മനുഷ്യരില്‍ മരണസാധ്യതയുണ്ടാക്കുന്നത്.രോഗം ബാധിച്ചതോ അല്ലാത്തത്മായ കോഴികളുടെ മാംസം അഥവാ മുട്ട കഴിക്കുന്നത് കരുതലോടെ വേണം. മാംസംവും മുട്ടയും 60° C യില്‍ വേണം പാചകം ചെയ്യാന്‍.മുട്ട ബുല്‍സൈയായി ഉപയോഗിക്കുന്നത് ഒഴിവാക്കണം.

Wednesday, December 3, 2014

ഞങ്ങളും ഈ ഭൂമിയുടെ അവകാശികള്‍ !

ഇരവിക്കുളം നാഷനല്‍ പാര്‍ക്കില്‍നിന്നുള്ള കാഴ്ച...

ഈ ജീവി എന്താണെന്ന് മനസ്സിലായോ?
തെക്കന്‍ പശ്ചിമഘട്ട മലനിരകളിലെ 'ചോല' വനങ്ങളില്‍ ധാരാളമായി കണ്ടുവന്നിരുന്ന ഒരു സസ്തനിയാണ്. ബോവിടേ കുടുംബത്തില്‍പ്പെട്ട വരയാട്...പിന്നിലേക്ക് വളഞ്ഞ് സമാന്തരമായി നില്‍ക്കുന്ന കൊമ്പുകളോട് കൂടിയ ഇവ 10 മുതല്‍ 15 വരെ എണ്ണമുള്ള കൂട്ടമായിട്ടാണ് സാധാരണ
കാണപ്പെടുന്നത്.രോമത്തിനും മാംസത്തിനുമായി വന്‍തോതില്‍ വേട്ടയാടപ്പെട്ടതിനാല്‍ ഇവ വന്‍ തോതില്‍ വേട്ടയോടപ്പട്ടതിനാല്‍ ഇവ കടുത്ത വംശനാശ ഭീഷണിയിലാണ്.ഇരവിക്കുളം നാഷണല്‍ പാര്‍ക്കില്‍  ഏകദേശം 960 എണ്ണം വരയാടുകള്‍ ഉണ്ടെന്നാണ് അധികൃതര്‍ പറഞ്ഞത്.IUCN ന്റെ Red Data Book ല്‍ സ്ഥാനം പിടിച്ച കേരളത്തിലെ സസ്തനികളില്‍ ഒന്നാണ്.
ശേണി ശാരദാംബ ഹൈസ്കൂളിലെ കുട്ടികള്‍ നടത്തിയ പഠന യാത്രയ്ക്കിടയിലാണ് ഈ അപൂര്‍വ്വ കാഴ്ച കാണാനും ഫോട്ടോ എടുക്കാനും സാധിച്ചത്.. വരയാടിന്റെ വീഡിയോ കാണണ്ടേ? ദേ  ഇവിടെ..