Friday, August 22, 2014

Sammaty election app & user guide

സംസ്ഥാനത്തെ സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഇന്ന് (ആഗസ്ത് 22) നടക്കാനിരിക്കുകയാണല്ലോ. പുതുക്കിയ സമയക്രമം അനുസരിച്ച് ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ വെള്ളിയാഴ്ച രാവിലെ 11 മണി വരെയുള്ള സമയത്തിനുള്ളിലും മുസ്ലീം കലണ്ടര്‍ പ്രകാരമുള്ള സ്കൂളുകളില്‍ ശനിയാഴ്ചയുമാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. തിരഞ്ഞടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ ഉച്ചക്ക് ശേഷം രണ്ടര മുതലാണ് സ്കൂള്‍ പാര്‍ലമെണ്ട് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. പാര്‍ലമെന്റിന്റെ ആദ്യ യോഗം സെപ്തംബര്‍ ഒന്നിനും നടക്കണം.തിരഞ്ഞെടുപ്പ് നടത്തുന്നതിനായി ഇലക്ട്രോണിക്ക് സംവിധാനം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വിദ്യാലയങ്ങള്‍ക്ക് അതിനായുള്ള ഒരു സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്തുകയാണിവിടെ. മലപ്പുറംകാരനായ ശ്രീ നന്ദകുമാര്‍ തയ്യാറാക്കിയ സമ്മതി എന്ന തിരഞ്ഞെടുപ്പ് സോഫ്റ്റ്‌വെയര്‍ പല വിദ്യാലയങ്ങളിലും മുന്‍ വര്‍ഷങ്ങളിലും ഉപയോഗിച്ചിരിക്കും. വളരെ ലളിതമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്ന ഇതിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 

സമ്മതി എലക്ഷന്‍ എന്‍ജിന്‍ ഓണ്‍ലൈന്‍ സമ്മതിയുടെ വെബ്പേജ് http://nandakumar.co.in/apps/sammaty/സന്ദര്‍ശിയ്ക്കുക. Get Election App എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയൊരു ജാലകം തുറന്നുവരും. സ്കൂളിന്റെ പേര്, തെരഞ്ഞെടുപ്പിന്റെ പേര്, സ്ഥാനാര്‍ത്ഥികളുടെ പേര് എന്നിവ കൊടുത്ത് Create Election App Now! എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ മുന്നിലെത്തുന്നതാണ് നിങ്ങള്‍ക്കായി നിര്‍മ്മിച്ച ‘എലക്ഷന്‍ ആപ്പ്’. ഇന്റര്‍നെറ്റ് ബന്ധം ഒഴിവാക്കിയ ശേഷം ഇതില്‍ നേരിട്ട് തെരഞ്ഞെടുപ്പ് നടത്താം.
ബ്രൗസറിലെ File → Save Page As (Ctrl+S) സംവിധാനം ഉപയോഗിച്ച് കോപ്പി ചെയ്ത് മറ്റൊരു കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിപ്പിയ്ക്കുകയുമാവാം (ഫയല്‍ മെനു കാണുന്നില്ലെങ്കില്‍ Ctrl+S അമര്‍ത്തിയാല്‍ മതി; സേവ് ചെയ്യുന്നതിനുമുമ്പ് Start Election കൊടുക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക).
Start Election ക്ലിക്ക് ചെയ്താണ് തെരഞ്ഞെടുപ്പ് തുടങ്ങേണ്ടത്. ഇപ്പോള്‍ ഒരു പാസ്‌വേഡ് ക്രമീകരിയ്ക്കാനാവശ്യപ്പെടും. പിന്നീട് ഫലം പ്രഖ്യാപിയ്ക്കാനും മറ്റും ഉപയോഗിയ്ക്കേണ്ടതാണിത്. അതു കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികളുടെ പേരുള്ള ബാലറ്റ് പേപ്പര്‍ പ്രത്യക്ഷപ്പെടും. ഇനി ഓരോ വോട്ടര്‍ക്കും വന്ന് വോട്ട് രേഖപ്പെടുത്താം. ഒരാള്‍ വോട്ടു ചെയ്തുപോയിക്കഴിഞ്ഞാല്‍ അടുത്ത വോട്ടര്‍ക്ക് ബാലറ്റ് അനുവദിയ്ക്കേണ്ടത് കീബോഡിലെ എന്റര്‍ കീ അമര്‍ത്തിയാണ്. ഇതിനായി കീബോഡുമെടുത്ത് ഒരദ്ധ്യാപകന്‍ മാറിയിരിയ്ക്കണം.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ Show Result ക്ലിക്ക് ചെയ്യണം. ആദ്യം കൊടുത്ത പാസ്‌വേഡ് ഇപ്പോഴും കൊടുക്കുക. ഞൊടിയിടയ്ക്കുള്ളില്‍ ഫലം തയ്യാര്‍! ഇത് പ്രിന്റെടുക്കുകയുമാവാം.
പല സ്ഥാനങ്ങളിലേയ്ക്ക് (സ്കൂള്‍ ലീഡര്‍, ആര്‍ട്സ് സെക്രട്ടറി, ...) തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഒന്നിലേറെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് വ്യത്യസ്ത കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിപ്പിയ്ക്കാം. തെരഞ്ഞെടുപ്പ് വേഗത്തില്‍ നടത്താന്‍ ഇത് സഹായിയ്ക്കും.
കുറിപ്പ്
-----
തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയ്ക്ക് വിദ്യാര്‍ത്ഥികള്‍ ബ്രൗസര്‍ വിന്‍ഡോ ക്ലോസ് ചെയ്യാതിരിയ്ക്കാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിയ്ക്കണം. ഇത് ഉറപ്പുവരുത്താനാവില്ലെങ്കില്‍ സമ്മതിയുടെ ഉബുണ്ടു (ഗ്നു/ലിനക്സ്) പതിപ്പ് ഉപയോഗിയ്ക്കാം: http://launchpad.net/sammaty/+download

No comments:

Post a Comment