Thursday, August 6, 2015

സ്വാതന്ത്ര്യദിനാഘോഷം : മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

ഈ വര്‍ഷത്തെ സ്വതന്ത്ര്യദിനാഘോഷ പരിപാടികളുടെ നടത്തിപ്പ് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. എല്ലാ വകുപ്പുതലവന്‍മാരും ജില്ലാ കളക്ടര്‍മാരും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ ജീവനക്കാരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കണം. സംസ്ഥാന തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ മുഖ്യമന്ത്രി ദേശീയ പതാകയുയര്‍ത്തും. ജില്ലാതലത്തില്‍ ആഘോഷപരിപാടി രാവിലെ 8.30 ന് ശേഷമാണ് സംഘടിപ്പിക്കേണ്ടത്. ജില്ലാതല പരിപാടിയില്‍ ഒരു മന്ത്രിയായിരിക്കും ദേശീയ പതാകയുയര്‍ത്തുക. പോലീസ്, ഹോം ഗാര്‍ഡുകള്‍/ എന്‍.സി.സി, സ്‌കൗട്ട്‌സ് എന്നിവര്‍ പങ്കെടുക്കുന്ന പരേഡ് ജില്ലാതലത്തിലുമുണ്ടാവും. സ്വാതന്ത്ര്യദിനത്തിന്റെ പ്രസക്തി വിശദീകരിക്കുകയും ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്നതിന് ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന പ്രസംഗം മന്ത്രി നടത്തും. ദേശീയ ഗാനാലാപനവുമുണ്ടാവും. സബ് ഡിവിഷണല്‍ / ബ്ലോക്ക് തലങ്ങളില്‍ രാവിലെ 8.30 ന് ശേഷം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്/ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് ദേശീയ പതാകയുയര്‍ത്തേണ്ടത്. ദേശീയോദ്ഗ്രഥന പ്രസംഗം, ദേശീയഗാനാലാപനം എന്നിവയുമുണ്ടാവും. ദേശീയ അഭിവാദ്യ സമയത്ത് സേനാംഗങ്ങളും സല്യൂട്ട് ചെയ്യണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ രാവിലെ 8.30 ന് ശേഷം പഞ്ചായത്ത് പ്രസിഡന്റുമാരാണ് ദേശീയ പതാകയുയര്‍ത്തി പ്രസംഗിക്കുക. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ വകുപ്പു തലവന്‍/ സ്ഥാപന മേധാവിയാണ് പതാകയുയര്‍ത്തി ദേശീയോദ്ഗ്രഥന പ്രസംഗം നടത്തുക. 2002 ലെ പതാക നിയമത്തിലെ നിബന്ധനകള്‍ പാലിച്ച് ചടങ്ങുകള്‍ സംഘടിപ്പിക്കാനും പരമാവധി ജീവനക്കാരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുക്കുന്നുവെന്ന് ഉറപ്പുവരുത്താനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ദേശീയഗാനാലാപന സമയത്ത് എല്ലാവരും ആദരവോടെ എഴുന്നേറ്റ് നില്‍ക്കണം.

No comments:

Post a Comment