Tuesday, September 8, 2015

കേരളത്തിലെ സ്‌കൂള്‍ കുട്ടികള്‍ ഉയര്‍ന്ന പഠന നിലവാരം പുലര്‍ത്തുന്നു : എസ്.സി.ഇ.ആര്‍.ടി

കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരവും, ശേഷികളും സംബന്ധിച്ച് എസ്.സി.ഇ.ആര്‍.ടി നടത്തിയ നിലവാര പരിശോധനയില്‍ കുട്ടികള്‍ ഉയര്‍ന്ന പഠന നിലവാരം പുലര്‍ത്തുന്നതായി കണ്ടെത്തിയതായി ഡയറക്ടര്‍ അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളിലെ നാല്, ഏഴ് ക്ലാസുകളിലെ കുട്ടികളെയാണ് പഠന വിധേയമാക്കിയത്. ഓരോ വിഷയത്തിലും 600 കുട്ടികള്‍ വീതം പഠന വിധേയരായി.
പഠനഫലം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രകാരം നാലാംതരം മലയാളത്തില്‍ 84.1% കുട്ടികള്‍ എ, ബി, സി. ഗ്രേഡുകള്‍ നേടി. മലയാളം വായനയില്‍ 50% ന് മേല്‍ നേട്ടം കൈവരിച്ചവര്‍ 78.4% ആണ്. ലേഖനത്തില്‍ 72.13% കുട്ടികള്‍ മൂന്നില്‍ രണ്ട് ഭാഗം നേട്ടം കൈവരിച്ചു. ഇംഗ്ലീഷില്‍ 96.46% ഗണിതത്തില്‍ 77.45% പരിസരപഠനത്തില്‍ 72.75 % കുട്ടികള്‍ വീതം എ.ബി.സി ഗ്രേഡുകള്‍ നേടി. ഏഴാം തരത്തില്‍ മലയാളത്തില്‍ 89.50% ഇംഗ്ലീഷില്‍ 93.16% ഗണിതത്തില്‍ 72.2% ശാസ്ത്രത്തില്‍ 62.62% വീതം കുട്ടികള്‍ എ.ബി.സി. ഗ്രേഡുകള്‍ നേടി. മലയാളം വായനയില്‍ 91.75% വും ലേഖനത്തില്‍ 88%വും 50% ന് മുകളില്‍ നേടി. പഠനനിലവാരം ഉയര്‍ന്നുനില്‍ക്കുകയാണെന്ന് ഈ പഠനം സൂചിപ്പിക്കുന്നതായി എസ്.സി.ഇ.ആര്‍.ടി. അറിയിച്ചു. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇത് സംബന്ധിച്ച് മാധ്യമ വാര്‍ത്തകള്‍ പഠനഫലത്തോട് പൊരുത്തപ്പെടുന്നതല്ലെന്നും ഡയറക്ടര്‍ അറിയിച്ചു.
കുട്ടികള്‍ ഉയര്‍ന്ന ക്ലാസുകളില്‍ എത്തുന്തോറും അടിസ്ഥാന ശേഷികള്‍ വികസിക്കുന്നതായാണ് പഠനത്തില്‍ കാണുന്നത്. അതിനാലാണ് ഈ അധ്യയന വര്‍ഷവും, തൊട്ട് മുന്‍പിലത്തെ വര്‍ഷങ്ങളിലും ഒന്നാം ക്ലാസ് പ്രവേശനത്തില്‍ വര്‍ധനവുണ്ടായതെന്നും ഡയറക്ടര്‍ അറിയിച്ചു.

No comments:

Post a Comment