Tuesday, September 1, 2015

സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി : മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവായി

മാനസിക വൈകല്യമുളള 100 വിദ്യാര്‍ത്ഥികളില്‍ കൂടുതലുളള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിനുളള മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് സ്‌പെഷ്യല്‍ സ്‌കൂളിലെ അധ്യാപക അനധ്യാപക നിയമനങ്ങള്‍ പി.എസ്.സി./നോട്ടിഫിക്കേഷന്‍ മുഖേന ആയിരിക്കും എന്നതിന് പകരം സെലക്ഷന്‍ കമ്മിറ്റി മുഖേന എന്നാക്കി ഭേദഗതി വരുത്തി. അധ്യാപക - അനധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുളള സെലക്ഷന്‍ കമ്മിറ്റിയില്‍ ചുവടെ പറയുന്നവര്‍ അംഗങ്ങളായിരിക്കും.
രക്ഷാകര്‍ത്തൃ പ്രതിനിധികള്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നുളള സര്‍ക്കാര്‍ നോമിനി, സാമൂഹ്യ നീതി ഡയറക്ടറേറ്റില്‍ നിന്നുളള സര്‍ക്കാര്‍ നോമിനി, സ്ഥാപനത്തിലെ പ്രധാനാധ്യാപകന്‍, സ്‌കൂള്‍ മാനേജര്‍, സബ്ജക്ട് എക്‌സ്‌പേര്‍ട്ട് ഇന്‍ ഡിസബിലിറ്റീസ്. സ്‌പെഷ്യല്‍ സ്‌കൂളിലെ മേട്രണ്‍, ആയ തസ്തികകളില്‍ കണ്‍സോളിഡേറ്റഡ് പേ എന്നത് സര്‍ക്കാര്‍ അനുവദിച്ചിട്ടുളള ശമ്പള സ്‌കെയിലിലെ ഏറ്റവും താഴ്ന്ന നിരക്കും ആനുപാതിക ഡി.എ.യും എന്നാക്കി ഭേദഗതി വരുത്തി. മറ്റ് തസ്തികകള്‍ക്ക് കണ്‍സോളിഡേറ്റഡ് പേ തുടരും. സ്‌പെഷ്യല്‍ സ്‌കൂള്‍ ടീച്ചര്‍മാരുടെ നിലവില്‍ നിശ്ചയിച്ചിരിക്കുന്ന യോഗ്യതകള്‍ തുടരുന്നതും റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള ബി.എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (എം.ആര്‍) യോഗ്യതയും അടിസ്ഥാന യോഗ്യതയില്‍ പരിഗണിക്കും. 2015 മെയ് 15 നു മുന്‍പ് സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ആര്‍ട്‌സ്/ സയന്‍സ്/ കൊമേഴ്‌സ് വിഷയങ്ങളിലെ ബിരുദം എന്നതിനു പകരം എസ്.എസ്.എല്‍.സി. യോ പ്ലസ് ടുവോ മതിയാകും. കൂടാതെ സ്‌പെഷ്യല്‍ ടീച്ചര്‍മാരുടെ അടിസ്ഥാന യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങളിലെ അനുബന്ധം - ഒന്ന് യോഗ്യത നമ്പര്‍ രണ്ടിലും (2) ഭേദഗതി വരുത്തിയിട്ടുണ്ട്. സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്‍ യാതൊരു ഇളവും അനുവദിക്കുന്നതല്ല. എന്നാല്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ എട്ട് കുട്ടികള്‍ക്ക് 225 സ്‌ക്വയര്‍ ഫീറ്റ് എന്ന അനുപാതവും ടോയ്‌ലറ്റ് സൗകര്യം 1:5 എന്ന അനുപാതവും ആര്‍ജ്ജിക്കുന്നതിനായി ഓരോ സ്ഥാപനത്തിനും മൂന്ന് വര്‍ഷത്തെ സമയം അനുവദിക്കും. സ്‌പെഷ്യല്‍ സ്‌കൂളുകളിലെ 1:8 അനുപാതത്തില്‍ അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കുമ്പോള്‍ സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ഒക്ക്യുപേഷണല്‍ തെറാപ്പിസ്റ്റ് തസ്തികകള്‍ കൂടി അതിലുള്‍പ്പെടുത്തണമെന്ന വ്യവസ്ഥയോടെയാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. എയ്ഡഡ് പദവി ലഭിക്കുന്ന സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും ഫീസ് പിരിക്കാന്‍ പാടില്ല. ഇക്കാര്യം ഉറപ്പ് വരുത്തുന്നതിനായി സ്‌കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി. ഫീസ് സംബന്ധിച്ച പരാതികള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കി പരിശോധിക്കേണ്ടതും രണ്ട് ആഴ്ചയ്ക്കകം പരാതികള്‍ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment