Sunday, September 6, 2015

റേഷന്‍ കാര്‍ഡ് പുതുക്കല്‍ - തിരുത്തല്‍ റേഷന്‍ കടകള്‍ വഴിയും നടത്താം

റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് കാര്‍ഡുടമകള്‍ നല്‍കിയ വിവരങ്ങളുടെ പകര്‍പ്പ് ബന്ധപ്പെട്ട റേഷന്‍ കടകള്‍ വഴി കാര്‍ഡുടമകള്‍ക്ക് ലഭ്യമാക്കുന്നതിനും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അവ തിരുത്തി നല്‍കുന്നതിനും കാര്‍ഡുടമകള്‍ക്ക് അവസരം ഉണ്ടാക്കുമെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് നല്‍കിയ വിവരങ്ങള്‍ സംബന്ധിച്ച പകര്‍പ്പ് അതത് റേഷന്‍ കടകള്‍ വഴി ഒക്ടോബര്‍ അഞ്ചിന് കാര്‍ഡുടമകള്‍ക്ക് ലഭിക്കും.
ഇതില്‍ തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അവ ചൂണ്ടിക്കാട്ടി റേഷന്‍ കടകള്‍ വഴി തിരിച്ചു നല്‍കാവുന്നതാണ്. ഈ സൗകര്യം ഒക്ടോബര്‍ 15 വരെ ഉണ്ടാകും. ഏതൊക്കെ കടകളില്‍ ഏതേതു ദിവസങ്ങളിലാണ് ഫാറങ്ങള്‍ ലഭ്യമാകുന്നതെന്ന് പ്രാദേശികമായി അറിയിപ്പുണ്ടാകും. റേഷന്‍ കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്തിയപ്പോള്‍ കടന്നുകൂടിയ തെറ്റുകള്‍ തിരുത്തുന്നതിന് ഓണ്‍ലൈന്‍ വഴി കാര്‍ഡുടമകള്‍ക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍ ഇത് ഉപയോഗിക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നുവെന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. സെപ്തംബര്‍ ഏഴ് മുതല്‍ 20 വരെ താലൂക്ക് സപ്ലൈ ഓഫീസുകള്‍ വഴി കമ്പ്യൂട്ടര്‍ ഓണ്‍ലൈനില്‍ തിരുത്തലുകള്‍ പരിശോധിക്കാന്‍ നല്‍കിയിരുന്ന അവസരം ഒഴിവാക്കിയാണ് കാര്‍ഡുടമകള്‍ക്ക് മാന്വലായി പരിശോധിക്കാനുളള അവസരം ഒരുക്കുന്നത്. റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട ഡാറ്റാ എന്‍ട്രി നടത്തിയത് അക്ഷയ, സി-ഡിറ്റ് തുടങ്ങിയ ഏജന്‍സികളാണ്. തിരുത്തലുകള്‍ വരുത്തി ഡാറ്റാ എന്‍ട്രി നടത്തുമ്പോള്‍ സൂക്ഷ്മത പാലിക്കണമെന്ന് ഈ ഏജന്‍സികള്‍ക്ക് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി

No comments:

Post a Comment